കൊല്ലം: അഷ്്ടമുടി കായലിന്റെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കി കേരള ഹൈക്കോടതി മുമ്പാകെ സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തു.
ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുണ്ടായ ഭരണപരമായ താമസം ചൂണ്ടിക്കാട്ടി പരിസ്ഥിതി സെക്രട്ടറി ക്ഷമാപണം നടത്തുകയും ബാക്കി നിർദേശങ്ങൾ പൂർണമായി നടപ്പിലാക്കുന്നതിനായി രണ്ട് മാസത്തെ അധിക സമയം അനുവദിക്കണമെന്ന അപേക്ഷയോടും കൂടിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
അഷ്ടമുടി കായൽ സംരക്ഷണത്തിനു കൃത്യമായ ചട്ടക്കൂട് രൂപീകരിക്കാൻ ആവശ്യപ്പെട്ടു 2025 ജൂലൈ 29ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ വൈകി എന്ന് ആരോപിച്ച് അഡ്വ. ബോറിസ് പോൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണ് ഈ നടപടി.
മാനേജ്മെന്റ് യൂണിറ്റ് നിലവിൽ വന്നെങ്കിലും കോടതിയുടെ ബാക്കി നിർദേശങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.
യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയ്യാറാക്കൽ, ഓഡിയോ-വിഷ്വൽ ഫീഡ്ബാക്ക് സംവിധാനത്തോട് കൂടിയ പ്രത്യേക വെബ്സൈറ്റ് നിർമാണം, അടിസ്ഥാന സൗകര്യങ്ങൾക്കും ഫണ്ടിംഗിനുമുള്ള ക്രമീകരണങ്ങൾ, സമഗ്രമായ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്ലാൻ തയാറാക്കൽ എന്നിവ വിവിധ ഏജൻസികളുടെയും പങ്കാളികളുടെയും സഹകരണത്തോടെ മാത്രം ചെയ്യേണ്ട സമയമെടുക്കുന്ന പ്രക്രിയകളാണെന്ന് സത്യവാങ്മൂലത്തിൽ പരിസ്ഥിതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ നിലവിലുള്ള കോടതിയലക്ഷ്യക്കേസ് 11ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.